😄സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുദിവസങ്ങളിൽ കേരളത്തിൽ വേനൽമഴ ശക്തമാകും എന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.
പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത നാലുദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും എന്നാണ് റിപ്പോർട്ട്.
ശനിയാഴ്ചയോടുകൂടി തെക്കൻ കേരളത്തിലേക്ക് ശക്തമായ മഴ ലഭിക്കും എന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.ഇതിനോടകംതന്നെ കേരളത്തിൽ വേനൽമഴ നല്ല രീതിയിൽ ലഭിക്കുന്നുണ്ട്. ഇത് ചൂടിന് ശമനം വരുത്തുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.