Drisya TV | Malayalam News

ദൂരപരിധി നിബന്ധനയില്ലാതെ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകി

 Web Desk    5 Apr 2026

ദൂരപരിധി നിബന്ധനയില്ലാതെ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ റൂട്ടികളിലാണ് പെർമിറ്റ് പുതുക്കിനൽകിയത്.ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യ ബസുകൾക്ക്, നിബന്ധനകൾക്കു വിധേയമായി പെർമിറ്റ് വൈകാതെ പുതുക്കുമെന്നാണു സൂചന. സ്വകാര്യ ബസുകൾക്ക്, 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണം ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.

വിധി വന്ന് മാസങ്ങൾക്കു ശേഷമാണ്, ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്.

140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കാനുള്ള സർക്കാരിന്റെ 'മോട്ടോർ വെഹിക്കിൾ സ്കീം' നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു.

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി വന്നതിനു പിന്നാലെ, സർക്കാർ ഈ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിലും തുടർന്ന് സുപ്രീംകോടതിയിലും അപ്പീൽ നൽകിയിരുന്നു. വിധി നടപ്പാക്കാത്തതിനെത്തുടർന്ന് മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ആർ.ടി.ഒ.മാർക്കെതിരേ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News