ലോകപ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാൻഡോ ടാൻ തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. 60 വയസ്സിലും 30-കളിലെ യുവാവിനെപ്പോലെ തോന്നിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
മാർച്ച് 3-നായിരുന്നു ചുവാൻഡോയുടെ പിറന്നാൾ. 60 ബലൂണുകൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളും ചിത്രത്തോടൊപ്പം ശ്രദ്ധനേടുകയാണ്. ‘സമയം മാത്രമാണ് യഥാർത്ഥ സമ്പത്ത്. ഓരോ സൂര്യോദയവും നാളേക്കായുള്ള ഉറപ്പല്ല, മറിച്ച് അതൊരു അവകാശമാണ്. പ്രകൃതിയോടും സൂര്യപ്രകാശത്തോടും ചേർന്നുനിൽക്കുന്നതാണ് ബുദ്ധി.’ അദ്ദേഹം കുറിച്ചു.
2017-ലാണ് ചുവാൻഡോ ടാൻ ആദ്യമായി ലോകശ്രദ്ധ നേടുന്നത്. ജാനറ്റ് ജാക്സൺ, റീത്ത ഓറ തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം തന്റെ സൗന്ദര്യത്തിന് കാരണം ജീനുകളും വർഷങ്ങളായുള്ള ചിട്ടയായ ജീവിതവുമാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
പ്രോട്ടീൻ ഷേക്കുകൾ, ഓട്‌സ്, മുട്ട, തേൻ, അവോക്കാഡോ എന്നിവയടങ്ങുന്നതാണ് പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയും ഗ്രിൽ ചെയ്തതോ ആവിയിൽ വേവിച്ചതോ ആയ ചിക്കൻ അല്ലെങ്കിൽ മീൻ വിഭവങ്ങൾക്കൊപ്പം ചോറും സൂപ്പും കഴിക്കുന്നു.ഉള്ളിലെത്തുന്ന കലോറിയും പകൽ സമയത്തെ അധ്വാനത്തിലൂടെ ദഹിപ്പിച്ചു കളയുന്ന കലോറിയും തുല്യമായിരിക്കുക എന്ന തത്വമാണ് അദ്ദേഹം പിന്തുടരുന്നത്.മദ്യം, പുകവലി, കോഫി, മധുരപാനീയങ്ങൾ എന്നിവ തൊടാറില്ല.ആഴ്ചയിൽ 3 മുതൽ 5 തവണ വരെ സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ, നീന്തൽ എന്നിവ മുടങ്ങാതെ ചെയ്യുന്നു.രാത്രി 11 മണിക്ക് മുൻപായി ഉറങ്ങുന്ന ശീലവും പോസിറ്റീവായ മാനസികാവസ്ഥയും ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
പുറമെ കാണുമ്പോൾ പ്രായം തോന്നിക്കുന്നില്ലെങ്കിലും ശാരീരികമായി താൻ പ്രായത്തിന്റെ അവശതകൾ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്നുപറയുന്നു. പഴയതുപോലെ ഊർജ്ജസ്വലനായി ഇരിക്കാൻ ഇപ്പോൾ കൂടുതൽ പരിശ്രമിക്കേണ്ടി വരുന്നുണ്ടെന്നും, പ്രായമാകുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ ഓർമിപ്പിക്കാറുണ്ട്.