നടൻ രമേഷ് പിഷാരടി കലാജീവിതം പൂർണമായും വിടുന്നു. ഇനിയുള്ള ജീവിതം പാലക്കാടിനു വേണ്ടി മാത്രമാകുമെന്നാണ് പിഷാരടിയുടെ പ്രഖ്യാപനം. ഇതു സംബന്ധിച്ചൊരു സൂചന നാദിർഷയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം നൽകുകയും ചെയ്തു.
"മലയാള സിനിമയെ സംബന്ധിച്ചടത്തോളം, സിനിമയിലെ ഏതെങ്കിലും മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ആളാണെന്നൊന്നും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ സിനിമയ്ക്കു വലിയ നഷ്ടമൊന്നും ഉണ്ടാകില്ല. സിനിമയ്ക്കു നഷ്ടമാണോ നേട്ടമാണോ എന്നത് ഞാൻ ഉത്തരം പറയേണ്ട ചോദ്യമല്ല. നിങ്ങൾ വിചാരിക്കുന്നത് സിനിമ എനിക്കില്ല എന്നതാണ് മറ്റൊരു കാര്യം."-രമേഷ് പിഷാരടിയുടെ വാക്കുകൾ.
രമേഷ് പിഷാരടി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: "ജനവിധി തേടി ജന്മനാട്ടിലേക്ക്, പ്രിയപ്പെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ, മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ.ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്ത്വവുമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാർഥി ആയി. സ്വാതന്ത്ര്യ സമരം മുതൽ 'ഇന്ത്യ'എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്‌നത്തിൽ ആണ് മത്സരിക്കുക. അഭിമാനം സന്തോഷം.
ഇനി പാലക്കാടുള്ള ജനങ്ങൾക്കും....അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം....കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ
ദേശത്തിൻയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ എന്ന പോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ...സ്നേഹത്തോടെ രമേഷ് പിഷാരടി.''