Drisya TV | Malayalam News

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ

 Web Desk    18 Apr 2026

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ ടൗണ്‍ഷിപ്പിൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വീട് സന്ദര്‍ശിച്ച മന്ത്രിയും സിപിഎം നേതാക്കളും ചോര്‍ച്ച കണ്ടെത്തിയ മേൽക്കൂരയിലെ പാടുകള്‍ മായിക്കാൻ ശ്രമിച്ചു. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളിൽ മന്ത്രി കെ രാജൻ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്‍റെ ഗ്യാരണ്ടിയാണെന്നും കെ രാജൻ പറഞ്ഞു. വീട്ടിൽ വിള്ളൽ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജൻ പ്രതികരിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജൻ വ്യക്തമാക്കിയത്.

വീടിന്‍റെ നിർമ്മാണം പൂർത്തീകരിച്ച് ഇതുവരെ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്നം വന്നാൽ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാർ പ്രകാരം ഊരാളുങ്കൽ നടപടിയെടുക്കും. ഇല്ലെങ്കിൽ പണം നൽകില്ല.

താമസിക്കാൻ തുടങ്ങിയശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും. അത് സർക്കാരിന്‍റെ ഗ്യാരണ്ടിയാണ്.കരാർ പ്രകാരം 410 വീടുകളും ഒക്ടോബറിൽ പൂർത്തിയായില്ലെങ്കിൽ അതിന്‍റെ ഫലം ബന്ധപ്പെട്ടവർ അനുഭവിക്കും. ടൗൺഷിപ്പിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിയെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.അതേസമയം, വൈകിട്ട് ടൗണ്‍ഷിപ്പിൽ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിക്കും. പ്രതിഷേധ സാഹചര്യത്തിലാണ് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചത്.

  • Share This Article
Drisya TV | Malayalam News