Drisya TV | Malayalam News

റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അനുവദിച്ച ഇളവ് ഒരുമാസത്തേക്ക് കൂടി നീട്ടി ട്രംപ് ഭരണകൂടം

 Web Desk    18 Apr 2026

റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അനുവദിച്ച ഇളവ് ഒരുമാസത്തേക്ക് കൂടി നീട്ടി ട്രംപ് ഭരണകൂടം. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കില്ലെന്നായിരുന്നു ആദ്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞത്. എന്നാൽ, ഇന്ന് യുഎസ് പൊടുന്നനേ നിലപാട് മാറ്റുകയായിരുന്നു.

ഇറാനെതിരായ ആക്രമണവും തുടർന്ന് ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും രാജ്യാന്തര എണ്ണവിലയെ ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്തിയിരുന്നു. വില നിയന്ത്രിക്കാനെന്നോണമാണ് റഷ്യയുടെയും ഇറാന്റെയും എണ്ണയ്ക്ക് ഒരുമാസത്തെ ഉപരോധ ഇളവ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രിൽ 11ന് അവസാനിച്ചിരുന്നു.

മേയ് 16 വരെയാണ് റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇപ്പോൾ നീട്ടിയത്. ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നിവയ്ക്ക് ഇളവ് ബാധകമല്ല. കടലിൽ ഓയിൽ ടാങ്കറുകളിലുള്ള എണ്ണ വാങ്ങാനായിരുന്നു നേരത്തേ യുഎസ് ഒരുമാസത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇതുവഴി 100 ദശലക്ഷം ബാരൽ എണ്ണയാണ് ആഗോള വിപണിയിൽ എത്തിയതെന്ന് റഷ്യ പറഞ്ഞിരുന്നു.

ഇളവ് ഇല്ലെങ്കിലും ഇന്ത്യയ്ക്ക് ഊർജ ഉൽപന്നങ്ങളിൽ നൽകുന്ന പിന്തുണ റഷ്യ തുടരുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് ആലിപോവ് പറഞ്ഞു. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇന്ത്യയ്ക്ക് തുടർന്നും ലഭ്യമാക്കും.

  • Share This Article
Drisya TV | Malayalam News