Drisya TV | Malayalam News

വാൽപാറയിൽ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾക്ക് ദാരുണാന്ത്യം

 Web Desk    17 Apr 2026

തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് വാൽപാറയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയും ഏഴു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 10 മരണം. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ രണ്ടു പേരെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. അജിത(54), റംല(52), സുഹറ(43), ആശ(41), മജീദ്(43), സാജിദ്(45), ഷക്കീല(37), നൗഷാദ്(39), റുഖിയ(39), ഹിഷാം(12), ഷഹദീൻ(11), മസ്നീൻ(10), പാഷിത്(21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ടൂറിസ്‌റ്റ് വാൻ പൂർണമായും തകർന്നു. വാൽപാറയ്ക്കും പൊള്ളാച്ചിക്കുമിടയിൽ ആണ് അപകടം. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്‌ഥലം. വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാൽ സ്‌കൂളിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ ഉല്ലാസയാത്രയ്ക്ക പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം നേരിട്ടത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്‌റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു.ചാലക്കുടി എത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാൽപാറയിലേക്ക് പോവുകയായിരുന്നു. പരുക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവർ മുഹമ്മദ് ഫാസിത്തിൻ്റെ (21) മൊഴി പൊലീസ് രേഖപ്പെടുത്തി.

വാൽപാറയിൽ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ വച്ച് വാൻ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു. എട്ടു പേർ സംഭവസ്ഥ‌ലത്തു തന്നെ മരിച്ചു. വാൽപാറയിൽനിന്നും വാളയാറിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരും ഫയർ ഫോഴ്സ് അംഗങ്ങളും മറ്റു വാഹനങ്ങളിൽ പോയ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരുക്കേറ്റവരെ ആംബുലൻസുകളിലാണ് പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  • Share This Article
Drisya TV | Malayalam News