ഇറാൻ്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളിൽനിന്നുള്ള 3,400 വിമാനസർവ്വീസുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായി.
ഞായറാഴ്ച തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന 17 വിമാനസർവീസുകളും തിരുവനന്തപുര ത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന 16 വിമാന സർവീസുകളും റദ്ദാക്കി. സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, മാലദ്വീപ് സർവീസുകൾക്ക് തടസ്സമില്ല. തിങ്കളാഴ്ചയുള്ള അഞ്ച് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് സൂചന.
രാജ്യത്ത് ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന 350 വിമാനങ്ങൾ റദ്ദാക്കിയെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഡൽഹിയിൽനിന്ന് മാത്രം നൂറോളം സർവീസുകൾ റദ്ദാക്കിയെന്നാണ് വിവരം.പാശ്ചാത്യ രാജ്യങ്ങളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ളയിടങ്ങളിലേക്കുമുള്ള വിമാന സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.
യുഎസ്- ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചുചേർത്തു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ വീഡിയോ കോൾ വഴി യോഗത്തിൽ പങ്കെടുത്തതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.