പകരംതീരുവ കേസിൽ സുപ്രീം കോടതിയിൽ തോറ്റ യുഎസ് പ്രസിഡന്റ് ട്രംപിന് ആദ്യ ആഘാതം മലേഷ്യയിൽ നിന്ന്. യുഎസുമായി ധാരണയിലെത്തിയ വ്യാപാരക്കരാർ അസാധുവാണെന്നും റദ്ദാക്കിയെന്നും മലേഷ്യ പ്രഖ്യാപിച്ചു. കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഈ കരാറിന് ഇനിയൊരു പ്രസക്തിയുമില്ലെന്ന് മലേഷ്യൻ വ്യാപാര, വ്യവസായ മന്ത്രി ഡാടുക് സേരീ അബ്ദുൽ ഘാനി പറഞ്ഞു.
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) പ്രകാരം ട്രംപ് കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ലോക രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച പകരംതീരുവയാണ് (റെസിപ്രോക്കൽ താരിഫ്) സുപ്രീം കോടതി അസാധുവാക്കിയത്.
ട്രംപിന്റേത് ചട്ടവിരുദ്ധവും ഇല്ലാത്ത അധികാരപ്രയോഗവുമാണെന്ന് കോടതി പറഞ്ഞിരുന്നു. 2025 ഒക്ടോബറിലായിരുന്നു മലേഷ്യയും യുഎസും യുഎസ്-മലേഷ്യ എഗ്രിമെന്റ് ഓൺ റെസിപ്രോക്കൽ ട്രേഡ് (എആർടി) ഒപ്പുവച്ചത്. ഇതുപ്രകാരം മലേഷ്യൻ ഉൽപന്നങ്ങൾക്ക് യുഎസിൽ തീരുവ 47ൽ നിന്ന് 19 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. തിരികെ മലേഷ്യയിലെമ്പാടും വിപണിപ്രവേശനം കിട്ടുന്ന യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ നാമമാത്രവുമായിരുന്നു.
യുഎസ് സുപ്രീം കോടതി വിധി മാത്രമല്ല, പകരംതീരുവയെ മറ്റൊരു രൂപത്തിൽ തിരിച്ചകൊണ്ടുവരാനായി ട്രംപ് ഭരണകൂടം കഴിഞ്ഞദിവസങ്ങളിൽ 1974ലെ ട്രേഡ് ആക്ടിലെ 'സെക്ഷൻ 301' പ്രകാരം 60ഓളം രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച ഇരട്ട അന്വേഷണം പല രാജ്യങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും മലേഷ്യയും ജപ്പാനും യൂറോപ്യൻ യൂണിയനുമെല്ലാം അന്വേഷണം നേരിടുകയാണ്.മലേഷ്യയും യുഎസുമായുള്ള ഡീൽ ഉപേക്ഷിക്കാൻ ഇതാണ് കാരണമെന്ന സൂചനകളുണ്ട്.