Drisya TV | Malayalam News

ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണത്തിനിറങ്ങി ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ

 Web Desk    17 Mar 2026

ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിലെ അദ്ഭുതമായിരുന്നു ഹോണ്ടയുടെ O അൽഫ ഇലക്ട്രിക് എസ്‌യുവി. ഈ വാഹനം അടുത്ത വർഷത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകിയിരിക്കുന്നത്. ഈ ഉറപ്പ് പാലിക്കുന്നതിനുള്ള അധ്വാനത്തിലാണ് ഹോണ്ടയിപ്പോൾ. ഇതിന് റോഡ് പരീക്ഷണം നടത്തുന്നതിനായി O അൽഫയുടെ ആദ്യ വാഹനം ഇന്ത്യയിൽ എത്തിച്ച് പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് ഹോണ്ട.

ഇന്ത്യൻ വാഹന വിപണിയിൽ ഹോണ്ടയുടെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ തുടക്കമാണിതെന്നാണ് വാഹന മേഖലയിൽ കണക്കാക്കുന്നത്. വ്യത്യസ്തങ്ങളായ ഭൂപ്രകൃതികളിലും പ്രതലങ്ങളിലും വാഹനം ഓടിച്ച് പരീക്ഷണം നടത്തുന്നതിനായാണ് O അൽഫ എത്തിച്ചിരിക്കുന്നത്. പൂർണമായും മൂടിക്കെട്ടിയാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. വാഹനം നിരത്തുകളിൽ എത്തുന്നതിന് മുമ്പ് ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന മോഡലാണോയെന്ന് വിലയിരുത്താനാണ് ഈ പരീക്ഷണമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.

വാഹനത്തിന്റെ പെർഫോമെൻസ്, വിശ്വാസ്യത തുടങ്ങിയവയാണ് പ്രധാനമായും പരീക്ഷിക്കുന്നത്. O അൽഫയുടെ ഡ്യൂറബിലിറ്റി, ഹാൻഡിലിങ്, റൈഡ് കംഫോർട്ട്, പ്രവർത്തന ക്ഷമത തുടങ്ങിയ കാര്യങ്ങളും ഈ പരീക്ഷണയോട്ടത്തിൽ വിലയിരുത്തപ്പെടും. വേനൽകാലത്തെ ഉയർന്ന താപനിലയിൽ വാഹനം അതിജീവിക്കുന്നതും മഴയുള്ള കാലാവസ്ഥയിൽ വാഹനത്തിന്റെ നിലനിൽപ്പും ഈ പരീക്ഷണയോട്ടത്തിൽ പഠനവിധേയമാക്കും.

ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചത് അനുസരിച്ച് ഹോണ്ട ലോഗോയും ഇന്റഗ്രേറ്റഡ് ചാർജിംഗ് പോർട്ടുമാണ് മുൻവശത്തുള്ളത്. ഇവയ്ക്ക് ചുറ്റുമായി ആകർഷകമായ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. ലോവർ ബമ്പർ വശങ്ങളിൽ മസ്‌കുലർ ബോഡി ക്ലാഡിങ്ങുകളുണ്ട്. എയറോ-സ്റ്റൈൽ ചെയ്ത 19 ഇഞ്ച്, ഫൈവ്-സ്പോക്ക് അലോയ്കളാണ് മറ്റൊരു പ്രത്യേകത. പിൻഭാഗത്ത്, കുത്തനെയുള്ള ഗ്ലാസ് ഏരിയയ്ക്ക് ചുറ്റുമായി വിശാലമായ യു-ആകൃതിയിലുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പുണ്ട്.സാങ്കേതിക വിശദാംശങ്ങൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 65 kWh, 75 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ എസ്യുവി എത്തുമെന്നാണ് സൂചനകൾ.

  • Share This Article
Drisya TV | Malayalam News