ഗുവാഹത്തി-ഹൗറ റൂട്ടിൽ ഈ മാസം അവസാനത്തോടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ട്രെയിൻ സർവീസിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന സർവീസിന്റെ ഉദ്ഘാടനത്തിന് വലിയ തയ്യാറെടുപ്പുകളാണ് റെയിൽവേ നടത്തുന്നത്. കേരളത്തിലേയും മൂന്ന് റൂട്ടുകൾ വന്ദേ ഭാരതിനായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
അതിനിടെ, വന്ദേ സ്ലീപ്പർ ട്രെയിനിൽ വിഐപി ക്വോട്ടയോ എമർജൻസി ക്വോട്ടയോ ഉണ്ടായിരിക്കില്ലെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഉയർ റെയിൽവേ ഉദ്യോഗസ്ഥർക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതിയും ഈ ട്രെയിനിൽ ഉണ്ടാകില്ല. യാത്രക്കാർക്ക് കൺഫേം ടിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ. RAC, വെയ്റ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് സംവിധാനം വന്ദേ സ്ലീപ്പറിൽ ഉണ്ടായിരിക്കില്ല.സാധാരണ ട്രെയിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിലവാരമുള്ള ബെഡ്‌റോൾ ആയിരിക്കും യാത്രക്കാർക്ക് ലഭിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.