കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.
ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്‌കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്‌തനായി ആശുപ്രതിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. സന്ദീപിന്റെ ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിൻ്റെയും അന്തിമവാദം പൂർത്തിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
അക്രമം നടക്കുമ്പോൾ ഡോ.വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്‌തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കൂടാതെ, കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.