ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകളിൽ ഒന്നായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉടൻ പിൻവലിക്കുമെന്ന് മെറ്റ. 2026 മെയ് 8-ന് ശേഷം ഇൻസ്റ്റാഗ്രാം ചാറ്റുകളിൽ ഈ സുരക്ഷാ ഫീച്ചർ ലഭ്യമാവില്ല. പ്ലാറ്റ്‌ഫോമിന്റെ സപ്പോർട്ട് പേജിലൂടെയാണ് കമ്പനി ഈ മാറ്റം ഔദ്യോഗികമായി അറിയിച്ചത്.
അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും അല്ലാതെ മറ്റാർക്കും (മെറ്റയ്ക്ക് പോലും) സന്ദേശങ്ങൾ വായിക്കാൻ കഴിയാത്ത രീതിയിലുള്ള സാങ്കേതിക വിദ്യയാണിത്. ഹാക്കർമാരിൽ നിന്നും മൂന്നാം കക്ഷികളിൽ നിന്നും സന്ദേശങ്ങൾക്ക് ഇത് പൂർണ സുരക്ഷ നൽകുന്നു. വളരെ കുറച്ചാളുകൾ മാത്രമാണ് ഫീച്ചർ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാണ് മെറ്റ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ പിൻവലിക്കുന്നത്. വാട്സാപ്പിൽ എൻക്രിപ്ഷൻ 'ഡിഫോൾട്ട്' ആയി ലഭ്യമാണ്. എന്നാൽ, ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കൾ ഈ ഫീച്ചർ പ്രത്യേകം തെരഞ്ഞെടുക്കണം.
എൻക്രിപ്ഷൻ ഫീച്ചർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ മെറ്റയ്ക്ക് മേൽ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു. ഈ സമ്മർദം തീരുമാനത്തിന് പിന്നിലുണ്ടെന്ന് സൂചന. നിലവിൽ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ ഉള്ളവർ മെയ് 8-ന് മുമ്പായി സന്ദേശങ്ങളും ഫയലുകളും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. ഇത് സംബന്ധിച്ച നിർദേശങ്ങൾ ആപ്പിനുള്ളിൽ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കും. പഴയ വേർഷൻ ഉപയോഗിക്കുന്നവർ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.
എൻക്രിപ്ഷൻ ഒഴിവാകുന്നതോടെ സന്ദേശങ്ങൾ മെറ്റയുടെ സെർവറുകളിലൂടെ കടന്നുപോകുമ്പോൾ കമ്പനിക്ക് അവ പരിശോധിക്കാൻ സാധിക്കും. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ ഇത് ഉപകരിക്കുമെന്നാണ് മെറ്റയുടെ വാദം. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവർക്ക് വാട്സാപ്പ് ഉപയോഗിക്കാമെന്നാണ് മെറ്റയുടെ നിർദേശം. ഇൻസ്റ്റാഗ്രാമിനെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായും വാട്സാപ്പിനെ ഒരു പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായും നിലനിർുകയാണ് മെറ്റയുടെ ലക്ഷ്യം.