Drisya TV | Malayalam News

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് ട്രംപ്

 Web Desk    16 Mar 2026

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് താൻ തയ്യാറല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്കു തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, കൂടുതൽ മികച്ച കരാർവ്യവസ്ഥകൾ നേടിയെടുക്കുന്നതിനായി യു.എസ്. യുദ്ധം തുടരുമെന്ന് എൻ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, ''ഇത്തരത്തിൽ ഒന്ന് ആവർത്തിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാകുമ്പോൾ യുദ്ധം അവസാനിക്കു''മെന്ന് ഇറാൻവിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

സുഗമമായ എണ്ണനീക്കത്തിനു വഴിയൊരുക്കുന്നതിനായി ഹോർമുസ് കടലിലിടുക്കിനു വടക്കുഭാഗത്തുള്ള ഇറാന്റെ തീരമേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാന്റെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗിലെ ലക്ഷ്യസ്ഥാനങ്ങളിൽ ഒരു രസത്തിനുവേണ്ടി വീണ്ടും ബോംബിടുമെന്നാണു പറഞ്ഞത്. ഇറാൻ യുദ്ധവും അതേത്തുടർന്നുണ്ടായ ഹോർമുസ് പ്രതിസന്ധിയും കാരണം ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുമ്പോഴാണ് യുദ്ധംനിർത്തില്ലെന്ന് ട്രംപ് പറഞ്ഞത്.

ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന ഇറാൻ പരമോന്നതനേതാവ് അയത്തുള്ള മുജ്താബ ഖാംനയിയുടെ പ്രസ്താവന ട്രംപ് തള്ളിക്കളഞ്ഞു. ''അദ്ദേഹം ജീവനോടെയുണ്ടോയെന്നുപോലും എനിക്കറിയില്ല. ഇതുവരെ ആർക്കും അദ്ദേഹത്തെ കാണിച്ചുതരാൻ കഴിഞ്ഞിട്ടില്ല'' -ട്രംപ് പറഞ്ഞു.

അതേസമയം, യുദ്ധത്തിൽ മറ്റുരാജ്യങ്ങൾ ഇടപെട്ടാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് അരാഗ്ചി മുന്നറിയിപ്പുനൽകി. സംഘർഷം വിപുലമാക്കുന്ന നടപടികളിൽനിന്ന് വിദേശരാജ്യങ്ങളോട് വിട്ടുനിൽക്കാൻ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴോൺ നോയൽ ബാരോയുമായി നടത്തിയ ഫോൺ ചർച്ചയിലാണ് അരാഗ്ചി ഇക്കാര്യങ്ങൾ പറഞ്ഞത്.

  • Share This Article
Drisya TV | Malayalam News