അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി.സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീടു തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിൽ എച്ച്. സലാമാണു സിപിഎം സ്ഥാനാർഥി. അവഗണന മടുത്താണു സുധാകരൻ സിപിഎം വിട്ടത്.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. കോൺഗ്രസ് നേതാക്കൾ വിഷയം ചർച്ച ചെയ്തു. മുന്നണി നേതാക്കളുമായി ആശയവിനിമയം നടത്തിയശേഷമാണ് തീരുമാനമെടുത്തത്. ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അതിനു മുൻപ് പ്രതികരിക്കുന്നത് ശരിയല്ലെന്നും ജി.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 12നാണു സുധാകരൻ പാർട്ടി വിട്ടത്. പാർട്ടിക്കെതിരായ മത്സരമല്ലെന്നും പാർട്ടിക്കെതിരെ ആക്ഷേപം ഉന്നയിക്കില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. വ്യക്തിഹത്യ നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.