വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആർ) പൂർത്തീകരിക്കുന്നതിൽ യാതൊരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പശ്ചിമ ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി വ്യക്തമായ നിർദേശം പുറപ്പെടുവിച്ചത്.
'എന്തെങ്കിലും ഉത്തരവുകളോ വിശദീകരണങ്ങളോ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ നൽകും. എന്നാൽ എസ്ഐആർ പ്രക്രിയയ്ക്ക് യാതൊരു തടസ്സവും ഞങ്ങൾ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളും ഇത് മനസ്സിലാക്കണം' ചീഫ് ജസ്റ്റിസ് പറഞ്ഞു. കേരളം ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ എസ്ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
പശ്ചിമ ബംഗാളിലെ എസ്ഐആർ സമയ പരിധി ഒരാഴ്‌ച കൂടി നീട്ടുകയും ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രതികരണം കേൾക്കുകയായിരുന്നു കോടതി. എസ്ഐആർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തെരുവുകളിലെ അക്രമങ്ങൾ വരെയുള്ള നിരവധി പ്രശ്നങ്ങൾ വാദത്തിനിടെ ഉയർന്നുവന്നപ്പോൾ, ഒരു സംസ്ഥാനത്തും എസ്ഐആർ നടപടിക്രമങ്ങൾ തടയാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.