ചേർത്തല പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകളുമായി നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അസ്ഥികൾ ജൈനമ്മയുടേതാണെന്ന് ഉറപ്പായത്. പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു.
കേസിൽ സെബാസ്റ്റ്യൻ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം നൽകിയത്.2025 ഓഗസ്റ്റിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2024 ഡിസംബറിലാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തിൽ ജൈനമ്മയുടെ ഫോൺ അവസാനമായി പ്രവർത്തിച്ചത് പള്ളിപ്പുറത്താണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ധ്യാനകേന്ദ്രങ്ങളിൽ പോകാറുള്ള ജൈനമ്മ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പോയിരിക്കുമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ നാല് ദിവസത്തോളം വിവരം ലഭിക്കാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി.
ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പള്ളിപ്പുറത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ശക്തമായത്. പ്രദേശത്തെ ആളുകളെ ചോദ്യം ചെയ്‌തപ്പോൾ സെബാസ്റ്റ്യന്റെ മൊഴിയിൽ കണ്ടെത്തിയ വൈരുദ്ധ്യങ്ങളാണ് നിർണായകമായത്.ഇതോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.