നിയമസഭാ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞവർക്ക് കോൺഗ്രസിൽ സീറ്റില്ല. എഐസിസിയുടെ തീരുമാനം കേരളത്തിലെ നേതാക്കളെ അറിയിച്ചു. ഇതോടെ എം.എം. ഹസൻ, പാലോട് രവി, എം എ വാഹിദ് തുടങ്ങിയ പലരും സീറ്റ് പട്ടികയിൽ നിന്ന് പുറത്താകും. അതേ സമയം കെ.സുധാകരനും തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രായ മാനദണ്ഡത്തിൽ ഇളവ് ലഭിച്ചേക്കും.
സീറ്റ് മോഹിച്ചിരുന്ന പല മുതിർന്ന നേതാക്കൾക്കും മുൻ എംഎൽഎമാർക്കുമാണ് 75 വയസെന്ന പ്രായ മാനദണ്ഡം തിരിച്ചടിയായത്. യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകണമെന്നാണ് എഐസിസി നിർദേശം.കോൺഗ്രസ് തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി രണ്ട് തവണ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അരുവിക്കരയിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുൻ യുഡിഎഫ് കൺവീനർ എംഎം ഹസന് 78 വയസായി.പാലോട് രവിക്കും എം.എ വാഹിദിനും 76 പിന്നിട്ടു.ഇതോടെ ഇവരെല്ലാം സാധ്യതാ ലിസ്റ്റിൽ നിന്ന് പുറത്താവും. എംഎൽഎമാരിൽ തിരുവഞ്ചൂർ രാധാകൃഷ്‌മന് 76 വയസുണ്ട്. സിറ്റിങ് എംഎൽഎമാരെയെല്ലാം മത്സര രംഗത്ത് ഇറക്കണമെന്നാണ് കെപിസിസി ആഗ്രഹിക്കുന്നത്. അതിനാൽ തിരുവഞ്ചൂരിന് മത്സരിക്കാനുള്ള ടിക്കറ്റ് ലഭിച്ചേക്കും. സിറ്റിങ് എംപിമാർ മത്സരിക്കണോ എന്നതിൽ ഹൈക്കമാൻഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എങ്കിലും 76 വയസായ കെ. സുധാകരന് രണ്ടു മാനദണ്ഡത്തിലും ഇളവ് ലഭിക്കുമെന്നാണ് വിവരം.