സൗത്ത് ആഫ്രിക്കൻ ഫോട്ടോഗ്രാഫറായ വിം വാൻ ഡെൻ ഹീവർ പകർത്തിയ, നമീബിയയിലെ പ്രേത നഗരമായ കോൾമാൻസ്കോപ്പിലെ അപൂർവയിനം ഹൈനയുടെ ചിത്രത്തിന് ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. ഇത്തവണത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് പ്രേത നഗരത്തിലെ സന്ദർശകന് (Ghost Town Visitor) സ്വന്തം. നമീബിയയിലെ കോൾമാൻസ്കോപ്പ് (Kolmanskop) പട്ടണത്തിലെ ഉപേക്ഷിക്കപ്പെട്ട ഡയമണ്ട് ഖനന കേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന അപൂർവയിനം ഹൈനയുടെ ചിത്രമാണ് ഇത്തവണത്തെ പുരസ്കാരത്തിന് അര്‍ഹമായത്. സൗത്ത് ആഫ്രിക്കൻ ഫോട്ടോഗ്രാഫറായ വിം വാൻ ഡെൻ ഹീവറാണ് ഈ അപൂര്‍വ്വ ചിത്രം പകർത്തിയത്. ക്യാമറ ട്രാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് 10 വർഷത്തെ പ്രയത്നത്തിലൂടെയാണ് ഈ ചിത്രം സാധ്യമാക്കിയതെന്ന് സംഘാടകർ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 60,636 എൻട്രികളിൽ ഒന്നായിരുന്ന സമ്മാനാർഹമായ ഈ ഹൈനയുടെ (കഴുതപ്പുലി) ചിത്രം. ലോകത്തിലെ ഏറ്റവും അപൂർവമായ കഴുതപ്പുലി വർഗ്ഗത്തിൽ പെട്ടവയാണ് ഇത്. രാത്രിഞ്ചരനും മിക്കവാറും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവയുമായ ബ്രൗൺ കഴുതപ്പുലികളെ വളരെ വിരളമായേ കാണാറുള്ളൂ. കോൾമാൻസ്കോപ്പ് പട്ടണത്തിൽ ഇവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാൻ ക്യാമറ ട്രാപ്പ് ഉപയോഗിച്ച് ചിത്രം പകർത്താനുള്ള ശ്രമം തുടങ്ങിയത്.
മനുഷ്യർ ഉപേക്ഷിച്ചു പോയ ഒരു നഗരത്തെ വന്യജീവികൾ എങ്ങനെ വീണ്ടും വാസയോഗ്യമാക്കി തീർക്കുന്നുവെന്ന് ഈ ചിത്രം തുറന്നു കാട്ടുന്നുവെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ജൂറിയുടെ അധ്യക്ഷയായ കാത്തി മൊറാൻ അഭിപ്രായപ്പെട്ടു. ഇതൊരു പ്രേത നഗരത്തിൽ വെച്ച് എടുത്തത് നന്നായി, അതിനാലാണ് കാണുമ്പോൾ തന്നെ നിങ്ങൾക്ക് വല്ലാത്തൊരു തരിപ്പ് അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യ നാഗരികതയെ വന്യത തിരിച്ചെടുക്കുന്നതിന്‍റെ സ്ഥല-കാല വൈരുദ്ധ്യമാണ് ഈ ചിത്രമെന്ന് ജൂറി അംഗമായ ആകാംക്ഷ സൂദ് സിംഗ് പറഞ്ഞു. തകർച്ചയ്ക്കിടയിലും അതിജീവനത്തിന്‍റെ പ്രതീകമായി കഴുതപ്പുലി മാറുന്ന ഈ ചിത്രം ഒരേ സമയം മനസ്സിനെ ആകർഷിക്കുന്നതും എന്നാൽ, അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് അവർ കൂട്ടിച്ചേർത്തു.