തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. ശമ്പള-പെൻഷൻ പരിഷ്‌കരണം, ക്ഷേമ പെൻഷൻ വർധന, ഡിഎ കുടിശികയുടെ ഒരു പങ്ക്, ആശാ വർക്കർമാർക്ക് ഓണറേറിയം വർധന തുടങ്ങിയവ നവംബർ ഒന്നിനു മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
തുടർന്ന് ഒരാഴ്ചയ്ക്കകം തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. സർക്കാർ കാലാവധി പൂർത്തിയാക്കാൻ 6 മാസത്തോളം മാത്രമാണ് ബാക്കി. എന്നിട്ടും ശമ്പളപരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തതിന്റെ പേരിൽ ഭരണപക്ഷ സർവീസ് സംഘടനകൾ വലിയ പ്രതിഷേധം നേരിടുന്നുണ്ട്.
. 12-ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ നിയമനം. അതിവേഗം റിപ്പോർട്ട് വാങ്ങി ഈ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കാം.
. 1600 രൂപ ക്ഷേമ പെൻഷൻ 2000 രൂപ വരെയാക്കാൻ സാധ്യത. നിലവിലെ ഒരു മാസത്തെ കുടിശികയും നൽകും.
. ജീവനക്കാർക്കു 17% ഡിഎ കുടിശികയാണ്. ഇതിൽ 2023 ജനുവരിയിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന 4% അനുവദിച്ചേക്കാം. എന്നാൽ ഇതുവരെയുള്ള കുടിശികത്തുക പ്രതീക്ഷിക്കേണ്ട.
. ഭിന്നശേഷി സംവരണ വ്യവസ്‌ഥകൾ മൂലമുള്ള എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കാം.
. ആശാ വർക്കർമാരുടെ ഓണറേറിയം വർധന സർക്കാരിന്റെ പരിഗണനയിലാണ്.
. ജീവനക്കാരുടെ കഴിഞ്ഞ ശമ്പളപരിഷ്കരണത്തിന്റെ കുടിശികയിൽ 2 ഗഡുക്കൾ ബാക്കിയാണ്. ഇതു പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചേക്കും.
. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നു കഴിഞ്ഞ 2 ബജറ്റുകളിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. പകരം, ശന്വളത്തിൻ്റെ പകുതിയെങ്കിലും പെൻഷൻ ലഭിക്കുന്ന അഡ്വേഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ സാധ്യത.