Drisya TV | Malayalam News

സുഖോയ് വിമാനങ്ങൾക്ക് റഷ്യൻ മിസൈൽ ഘടിപ്പിക്കാൻ ഇന്ത്യ

 Web Desk    7 Sep 2026

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി സുഖോയ് എസ്‌യു-30 എം.കെ.ഐ യുദ്ധവിമാനങ്ങളിൽ റഷ്യൻ നിർമിത ആർ.വി.വി-ബി.ഡി എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 300 കിലോമീറ്റർ വരെ അകലെയുള്ളവയെ നേരിടാൻ ശേഷിയുള്ള മിസൈലാണിത്. മിസൈലുകൾ ഘടിപ്പിക്കുന്നതിനായി എസ്‌യു-30 എം.കെ.ഐ വിമാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിർദേശം പ്രതിരോധ മന്ത്രാലയം പരിഗണിക്കുകയാണ്.

ഇതിനുള്ള അനുമതി സംബന്ധിച്ച നിർദേശം തിങ്കളാഴ്ച ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) യോഗത്തിൽ പരിഗണിച്ചേക്കുമെന്ന് അധികൃതർ പറഞ്ഞു.റഷ്യ വികസിപ്പിച്ച ആർ.വി.വി-ബി.ഡി മിസൈലിന്റെ വിവിധ പതിപ്പുകൾ ദീർഘദൂര ആകാശലക്ഷ്യങ്ങളെ നേരിടുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ്. എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ (എ.ഇ.ഡബ്ല്യു.&സി) വിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ തുടങ്ങിയ പ്രധാന ആകാശലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇവക്ക് ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. ചില പതിപ്പുകൾ മാക് ആറിന്‍റേതിന് അടുത്ത വേഗത്തിൽ സഞ്ചരിക്കുമെന്നാണ് പറയുന്നത്.

വ്യോമസേനയുടെ എയർ-ടു-എയർ ആയുധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രതിരോധ മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈലുകൾക്കൊപ്പം വിദേശനിർമിത ആയുധങ്ങളും ഉൾപ്പെടുത്തുന്ന രീതിയിലാണ് നീക്കം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) അസ്ത്ര വ്യോമ-വ്യോമ മിസൈലിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ പതിപ്പുകളുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയുടെ പതിപ്പുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം.

  • Share This Article
Drisya TV | Malayalam News