Drisya TV | Malayalam News

ദില്ലിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

 Web Desk    7 Sep 2026

ദില്ലിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ മഹേഷ്, ഭാര്യ ഊർമ്മിള എന്നിവരാണ് പിടിയിലായത്. കെട്ടിടം ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. വൈദ്യുതി കണക്ഷൻ മകൻ്റെ പേരിലാണ്. കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ദില്ലി പൊലീസ് രാജസ്ഥാനിലെ ഭിവണ്ടിയിൽനിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

സൗത്ത് ദില്ലിയിലെ സത്യാനികേതനിലാണ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർക്ക് ജീവൻ നഷ്ടമായത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കവെ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികളാണ് മരിച്ചത്. മറ്റുള്ളവർ കെട്ടിടത്തിൻ്റെ ജോലിക്കെത്തിയ തൊഴിലാളികളാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് നിരവധി പേരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവ‍ർത്തകർക്ക് കഴിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്.

കെട്ടിടവുമായി ബന്ധപ്പെട്ട് കടുത്ത നിയമലംഘനം നടന്നുവെന്നാണ് വിവരം. സുരക്ഷിതമല്ലെന്ന് കാട്ടി അടച്ചിട്ട കെട്ടിടത്തിൽ കഴിഞ്ഞ വർഷമാണ് ഹോസ്റ്റൽ ആരംഭിച്ചത്. ഇക്കാര്യത്തിൽ കോർപറേഷൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടരുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അപകടസമയത്ത് ​ഗുരു​ഗ്രാമിൽ ഉണ്ടായിരുന്ന കെട്ടിട ഉടമ ഹരിറാം ഗുപ്ത, അപകടവിവരം അറിഞ്ഞതിന് പിന്നാലെ മൊബൈൽ സ്വച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. പൊലീസിന് ഇയാളെ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് രാജ്യം വിടാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായ ഇയാൾക്കെതിരെ നരഹത്യാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

  • Share This Article
Drisya TV | Malayalam News