മൂവാറ്റുപുഴ അടൂപറമ്പിലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകത്തിന് കാരണമായ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. കഴിഞ്ഞദിവസം ഒഡീഷയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച പ്രതി ഗോപാൽ മാലിക്കിനെയാണ് ജോലി സ്ഥലത്തും അടൂപറമ്പിലെ തടിമില്ലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊല നടത്തിയത് എങ്ങനെയെന്നും പ്രതി വിശദീകരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉൾപ്പെടെയുള്ള കണ്ടെടുത്തിട്ടുണ്ട്.കൊലയ്ക്കുപയോഗിച്ച വാക്കത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തടി മില്ലിലെ കോമ്പൗണ്ടിൽ നിന്നുതന്നെ കണ്ടെടുത്തിട്ടുണ്ട്.
ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ആയുധത്തിൽ നിന്നും രക്തക്കറ ഉൾപ്പെടെയുള്ളവ കണ്ടെത്തി.മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിൻ്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിന് പ്രതിയെ എത്തിച്ചത്.
പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
കഴിഞ്ഞദിവസം മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തേക്ക് പോലീസിന് കസ്റ്റഡിയിൽ വിട്ടിരുന്നു.
കൊലപാതകത്തിനു ശേഷം പ്രതി രക്ഷപെട്ട സഞ്ചാരപാത ഉൾപ്പെടെ വരുംദിവസങ്ങളിൽ അന്വേഷിക്കുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് പറഞ്ഞു.