ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് അറാഫി ഉയർത്തപ്പെടും.ഞായറാഴ്ചയാണ് അറാഫിയെ സമിതി അംഗമായി നിയമിച്ചതെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തു.