Drisya TV | Malayalam News

ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

 Web Desk    11 Jun 2026

ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം.പ്രതിഷേധപ്രകടനങ്ങൾക്കും സമരങ്ങൾക്കും രണ്ട് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി ലക്ഷദ്വീപ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ എ എസ് ആണ് ഇന്നലെ ഉത്തരവിറക്കിയത്. വിവിധ ദ്വീപുകളിൽ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി എൻ എസ് എസ്) 2023 ലെ സെക്ഷൻ 163 പ്രകാരം നടപടി.

സ്വകാര്യ വ്യക്തികളുടെ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിലും ലാൻഡ് അക്വീസിഷൻ, മദ്യം ഇറക്കുമതി തുടങ്ങിയ വിഷയങ്ങളിലും പ്രതിഷേധിച്ച് അമിനി, അഗത്തി, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിൽ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നിവാസികളുടെയും നേതൃത്വത്തിൽ അടുത്തിടെ പ്രകടനങ്ങൾ നടന്നിരുന്നു. സർക്കാർ ഓഫീസുകളുടെ മതിൽ തകർക്കൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വഴിതടയൽ, ഇന്ധന ഡിപ്പോകളുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തരമൊരു നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

ദ്വീപുകളിലെ സുപ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധിത മേഖലകളായി (Prohibited Zones) പ്രഖ്യാപിച്ചതാണ് പ്രധാന നിയന്ത്രണം. ഈ പരിധിക്കുള്ളിൽ പ്രതിഷേധ സൂചകമായി അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടാൻ പാടില്ല. ദ്വീപുകളിലെ ജെട്ടി പരിസരങ്ങളിലും അതിന്റെ കവാടത്തിൽ നിന്ന് 150 മീറ്റർ ചുറ്റളവിലും, ഹെലിപാഡ് കവാടത്തിൽ നിന്ന് 150 മീറ്റർ ചുറ്റളവിലും നിയന്ത്രണമുണ്ട്. കൂടാതെ, വൈദ്യുതി നിലയങ്ങൾ, ഇന്ധന ഡിപ്പോകൾ, ശുദ്ധജല പ്ലാന്റുകൾ, കമ്മ്യൂണിക്കേഷൻ ടവറുകൾ എന്നിവയ്ക്ക് ചുറ്റും 100 മീറ്റർ പരിധിയിലും, ഗവൺമെന്റ് ആശുപത്രികൾ അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ചുറ്റും 50 മീറ്റർ പരിധിയിലും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഓരോ ദ്വീപിലെയും എസ് ഡി എം / ബി ഡി ഒ ഓഫീസുകളുടെ പുറംമതിലിൽ നിന്ന് 100 മീറ്റർ ചുറ്റളവും, കവരത്തിയിലെ കളക്ടറേറ്റ്, സെക്രട്ടേറിയറ്റ് എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ പരിധിയും നിരോധിത മേഖലയായിരിക്കും. ഈ മേഖലകളിൽ മുദ്രാവാക്യം വിളിക്കുകയോ, ഉച്ചഭാഷിണികൾ ഉപയോഗിക്കുകയോ, പ്രകോപനപരമായ ബാനറുകൾ സ്ഥാപിക്കുകയോ, ഗവൺമെന്റ് വസ്തുവകകൾ നശിപ്പിക്കുകയോ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയോ ചെയ്യരുത്.

ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിലനിർത്തിക്കൊണ്ട്, ഓരോ ദ്വീപിലും പ്രതിഷേധങ്ങൾ നടത്തുന്നതിനായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്താൻ ഭരണകൂടം നിർദേശം നൽകി. ഉത്തരവ് ലഭിച്ച് 24 മണിക്കൂറിനകം എസ് ഡി എംമാരും ഡെപ്യൂട്ടി കളക്ടർമാരും ഇത്തരം പൊതുസ്ഥലങ്ങൾ നിശ്ചയിക്കണം. എന്നാൽ, ഈ പ്രത്യേക സ്ഥലങ്ങളിൽ പ്രതിഷേധം നടത്തുന്നതിനായി കുറഞ്ഞത് 24 മണിക്കൂർ മുൻപെങ്കിലും ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിൽ (എസ് പി) നിന്നോ അനുമതിയുള്ള മറ്റ് ഉദ്യോഗസ്ഥരിൽ നിന്നോ രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. സമാധാനപരവും ആയുധരഹിതവുമായിരിക്കണം ഈ പ്രതിഷേധങ്ങൾ.

ഒരു തരത്തിലുമുള്ള ആയുധങ്ങളോ അപകടകരമായ വസ്‌തുക്കളോ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവരരുത്. ഒരു പ്രതിഷേധ പ്രകടനവും തുടർച്ചയായി 4 മണിക്കൂറിൽ കൂടാൻ പാടില്ലെന്നും, അടിയന്തര വാഹനങ്ങളുടെയോ ബോട്ടുകളുടെയോ സഞ്ചാരം തടസ്സപ്പെടുത്തരുതെന്നും വ്യവസ്ഥയുണ്ട്.നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബി എൻ എസ് എസ്) സെക്ഷൻ 223 പ്രകാരം ആറ് മാസം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാവുന്ന രീതിയിൽ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News