Drisya TV | Malayalam News

കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്

 Web Desk    11 Jun 2026

കൊച്ചി മെട്രോ രണ്ടാം ഘട്ട (Phase 2) പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കിലേക്ക് നീളുന്ന 10.58 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെ നിര്‍മാണം 2027 ജൂണോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് കമ്മീഷനിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റില്‍ വാണിജ്യ സര്‍വീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ലക്ഷ്യമിടുന്നത്. വിദേശ വായ്പ അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സങ്കീര്‍ണമായ നഗര സാഹചര്യങ്ങളും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് പദ്ധതി ഈ നേട്ടത്തിലേക്ക് കുതിക്കുന്നത്.

അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് പ്രധാന സിവില്‍ കരാര്‍ നല്‍കിക്കൊണ്ട് 2024 ജൂണ്‍ 12-നാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ആദ്യ മാസങ്ങളില്‍ വിശദമായ സര്‍വേകള്‍, ജിയോ-ടെക്‌നിക്കല്‍ പരിശോധനകള്‍, എച്ച്.എം.ടി.യില്‍ കാസ്റ്റിംഗ് യാര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് പദ്ധതിയുടെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിക്കാനായത്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല്‍ ക്യാപ് നിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മെട്രോ പാതയ്ക്കായുള്ള പൈലിംഗ് ജോലികളുടെ ഏകദേശം 85 ശതമാനവും പൂര്‍ത്തിയായി. യു-ഗര്‍ഡറുകളും ഐ-ഗര്‍ഡറുകളും ഉള്‍പ്പെടുന്ന ഏകദേശം 3.5 കിലോമീറ്റര്‍ സൂപ്പര്‍സ്ട്രക്ചര്‍ സ്ഥാപിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ പ്രതിദിനം 25 മുതല്‍ 30 മീറ്റര്‍ വരെ പാത നിര്‍മാണം പൂര്‍ത്തിയാക്കുന്നുണ്ട്. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ നിര്‍മാണ വേഗം പ്രതിദിനം 55 മീറ്ററായി ഉയര്‍ത്താനാണ് കെ.എം.ആര്‍.എല്‍ പദ്ധതിയിടുന്നത്. ട്രാക്ക് വര്‍ക്ക്, വൈദ്യുതി വിതരണം, സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയുടെ കരാറുകള്‍ ഇതിനകം അന്തിമമാക്കിയതിനാല്‍ എല്ലാ ജോലികളും ഒരേസമയം പുരോഗമിക്കുകയാണ്.

  • Share This Article
Drisya TV | Malayalam News