Drisya TV | Malayalam News

സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയിൽ തർക്കങ്ങൾ

 Web Desk    11 Jun 2026

സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. കെഎസ്ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മുൻകൂർ തുക അനുവദിക്കണം എന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇന്ധന സബ്‍സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി. സീറോ ടിക്കറ്റ് പരിശോധിച്ച് ഓരോ മാസവും അവസാനം ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാമെന്നാണ് സർക്കാര്‍ ആലോചിച്ചിരുന്നത്.

എന്നാല്‍, അത് കോര്‍പറേഷനെ ബാധിക്കും. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് ഇന്ധനം നൽകുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം ഉണ്ടാകും. ഇതോടെ ഇപ്പോഴുള്ള സബ്സിഡി കമ്പനികൾ ഒഴിവാക്കുമോ എന്ന ആശങ്ക കെഎസ്ആർടിസിക്കുണ്ട്. ഒന്നെങ്കിൽ മുൻകൂറായി പണം നൽകണം. അല്ലെങ്കിൽ ഓരോ ദിവസം ടിക്കറ്റുകൾ നോക്കി ചെലവായ തുക നൽകണം എന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഈ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാര്‍ പോയിട്ടില്ല. കൂടുതൽ ചർച്ച നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം, പ്രിയദർശിനി ഉത്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. തിങ്കളാഴ്ച തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ വി ഡി സതീശൻ സഞ്ചരിക്കും. തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് ഉദ്ഘാടന യാത്ര. പ്രിയദർശിനി ബസിൽ പ്രത്യേക സ്റ്റിക്കർ പതിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമയി 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതലാണ് നടപ്പിലാകുക.

  • Share This Article
Drisya TV | Malayalam News