Drisya TV | Malayalam News

ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ

 Web Desk    15 May 2026

വി.ഡി.സതീശൻ മുഖ്യമന്ത്രി ആയതിൽ സന്തോഷമുണ്ടെന്നും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല. വളരെ വ്യക്തിപരമായ ബന്ധമാണ് സതീശനുമായുള്ളത്. പത്തുവർഷത്തെ ഇടതു ഭരണത്തിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള ദൗത്യം സതീശനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അത് പാർട്ടി പ്രവർത്തകരും എല്ലാവരും ചേർന്ന നിറവേറ്റുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിൽ എന്തെങ്കിലും ഉപാധി വയ്ക്കുമോ എന്ന ചോദ്യത്തിന് ഞങ്ങൾ തമ്മിൽ എന്ത് ഉപാധി എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം.മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാക്കാലത്തും തന്റെ നേതാവാണ് രമേശ് ചെന്നിത്തല എന്ന് വി.ഡി.സതീശൻ പറഞ്ഞു. ചെറുപ്പം മുതൽ നിരവധി തവണ വന്നിരുന്ന വീടാണിത്. രണ്ടു സഹോദരന്മാരുടെ കൂടിക്കാഴ്ചയാണിത്. ജ്യേഷ്ഠസഹോദരതുല്യനായ രമേശിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും സതീശൻ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി രമേശ് ചെന്നിത്തലയുമായും ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. ജോസഫ് വാഴയ്ക്കൻ, വി.ടി.ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി, ജ്യോതികുമാർ ചാമക്കല തുടങ്ങി നിരവധി നേതാക്കൾ ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു.

  • Share This Article
Drisya TV | Malayalam News