എൻവിഡിയയുടെ ഏറ്റവും കരുത്തുറ്റ പ്രോസസറുകളിലൊന്നായ എച്ച്200 ചിപ്പുകൾ പത്ത് പ്രമുഖ ചൈനീസ് കമ്പനികൾക്ക് വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. എന്നാൽ അനുമതി ലഭിച്ചിട്ടും വിതരണം ആരംഭിക്കാൻ കഴിയാത്തത് എൻവിഡിയയെ കടുത്ത അനിശ്ചിതത്വത്തിലാക്കി. ഈ സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ചൈന സന്ദർശിക്കുന്ന എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആലിബാബ, ടെൻസെന്റ്, ബൈറ്റ്ഡാൻസ്, ജെഡി ഡോട്ട് കോം തുടങ്ങി വമ്പൻ ചൈനീസ് ടെക് കമ്പനികൾക്കും ലെനോവോ, ഫോക്സ്കോൺ തുടങ്ങി വിതരണക്കാർക്കുമാണ് ചിപ്പുകൾ വാങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശന സംഘത്തിൽ എട്ട് പ്രമുഖ ബിസിനസ് നേതാക്കളാണുള്ളത്. സാങ്കേതികവിദ്യ, ധനകാര്യം, എയ്‌റോസ്‌പേസ് എന്നീ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട ഈ സംഘത്തിൽ ജെൻസൺ ഹുവാങ്ങിന്റെ സാന്നിധ്യം ഏറെ നിർണായകമാണ്. ഒരുകാലത്ത് ചൈനയിലെ അത്യാധുനിക ചിപ്പ് വിപണിയുടെ 95 ശതമാനവും എൻവിഡിയയുടെ കൈവശമായിരുന്നു. എന്നാൽ യുഎസ് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ കമ്പനിക്ക് വലിയ തിരിച്ചടിയായി.
യുഎസ് സർക്കാർ പത്ത് കമ്പനികൾക്ക് പച്ചക്കൊടി കാണിച്ചെങ്കിലും പ്രായോഗികമായ തടസ്സങ്ങൾ നിരവധിയാണ്. ചൈനീസ് സർക്കാർ നൽകിയ നിർദേശത്തെത്തുടർന്ന് അവിടത്തെ കമ്പനികൾ ഇപ്പോൾ ഈ ചിപ്പുകൾ വാങ്ങുന്നതിൽ നിന്ന് പിന്നോട്ടുപോയതായി റിപ്പോർട്ടുകളുണ്ട്. സ്വന്തം രാജ്യത്തെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും വിദേശ വിഭവശേഷിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള ചൈനീസ് സ്റ്റേറ്റ് കൗൺസിലിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിന് കാരണം. ഈ ചിപ്പുകൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് ചൈനീസ് കമ്പനികൾ ഉറപ്പുനൽകണം. കൂടാതെ ഇവയുടെ ഉപയോഗം സംബന്ധിച്ച് കർശനമായ നിരീക്ഷണവും യുഎസ് ഏർപ്പെടുത്തിയിട്ടുണ്ട്.