സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.