വി.ഡി.സതീശൻ കേരളാ മുഖ്യമന്ത്രിയാകും. പ്രഖ്യാപനം ഉടൻ. അൽപ്പസമയത്തിനകം ദിപാദാസ് മുൻഷി ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി. കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ കൊല്ലം പിന്നിട്ടു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എംഎൽഎയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി.
ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്. കെ.സി.വേണുഗോപാൽ അതിലുണ്ടാവില്ലെന്നാണു വിവരം. വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചു. എപ്പോൾ വേണമെങ്കിലും എത്താമെന്നും ലോക്ഭവനിൽ ഉണ്ടാകുമെന്നുമായിരുന്നു ഗവർണറുടെ മറുപടി.