Drisya TV | Malayalam News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ നാളെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം

 Web Desk    13 May 2026

സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ നാളെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാൻ തീരുമാനം. രാവിലെ ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി. എംഎൽഎമാരുടെ സൗകര്യം കണക്കിലെടുത്താകും അന്തിമ തീരുമാനം. വടക്കൻ ജില്ലകളിൽ നിന്ന് നേതാക്കൾക്ക് രാവിലെ തിരുവനന്തപുരത്ത് എത്തേണ്ടതിന്റെ ബുദ്ധിമുട്ട് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലം പൂർത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക യോഗം പൂർത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്. ഘടക കക്ഷികളുമായി നേതാക്കൾ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. എ.കെ.ആന്റണിയുമായും കൊടിക്കുന്നിൽ സുരേഷുമായും ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും നാളെ പ്രഖ്യാപനം.

  • Share This Article
Drisya TV | Malayalam News