തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ച് ടിവികെ അധ്യക്ഷൻ വിജയ്. വിഷയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ കെ.സി. ഈ വിഷയം മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച ചെയ്യുമെന്നാണ് വിവരം.
107 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. മന്ത്രിസഭാ രൂപീകരണത്തിന് 11 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചാൽ വിജയിച്ച അഞ്ചു കോൺഗ്രസ് സ്ഥാനാർഥികൾ ടിവകെയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കും. ഡിഎംകെ സഖ്യത്തിനൊപ്പം നിന്നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. സഖ്യത്തിലെ സിപിഎമ്മിനും സിപിഐക്കും രണ്ട് സീറ്റുകൾ വീതവും വിസികെയ്ക്ക് രണ്ടു സീറ്റുമാണ് ഉള്ളത്.ഈ മൂന്ന് പാർട്ടികളുടെ പിന്തുണ ലഭിക്കുന്ന പക്ഷം ടിവികെയ്ക്ക് 118 എന്ന കേവലഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിക്കും. എന്നാൽ ഈ പാർട്ടികൾക്കൊന്നും തന്നെ തമിഴ്നാട്ടിൽ ശക്തമായ വേരോട്ടമില്ല. ഡിഎംകെ വോട്ടുകളാണ് സ്ഥാനാർഥികളുടെ വിജയത്തിലേക്ക് നയിച്ചത്.
ഇന്ന് നടക്കുന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും അദ്ദേഹം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഹൈക്കമാൻഡ് എടുക്കുന്ന അന്തിമ തീരുമാനം ഉടൻ തന്നെ വിജയിയെ അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
തമിഴ്നാട്ടിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാൻ എം.കെ. സ്റ്റാലിൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു തിരഞ്ഞെടുപ്പ് നടന്നാൽ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ മാതൃകയിൽ വിജയ് സമ്പൂർണ്ണ ആധിപത്യം നേടുമെന്ന ഭയം ഡിഎംകെക്കും അണ്ണാ ഡിഎംകെക്കും ഉണ്ട്. അതിനാൽ, തന്റെ സഖ്യകക്ഷികൾ പുറത്തുനിന്ന് വിജയെ പിന്തുണയ്ക്കുന്നതിൽ സ്റ്റാലിൻ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സ്റ്റാലിന്റെ ഈ മൗനാനുവാദം വിജയിയുടെ ഭരണത്തിലേക്കുള്ള വഴി സുഗമമാക്കും. ഗവർണർക്ക് ഇമെയിൽ അയച്ച് സർക്കാർ രൂപീകരണത്തിനുള്ള അനുമതി വിജയ് ഇതിനോടകം തേടിയിട്ടുണ്ട്. വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.