Drisya TV | Malayalam News

യു.എസുമായുള്ള യുദ്ധം പുനരാരംഭിച്ചേക്കുമെന്ന സൂചനയുമായി ഇറാൻ

 Web Desk    2 May 2026

യു.എസുമായുള്ള യുദ്ധം പുനരാരംഭിച്ചേക്കുമെന്ന സൂചനയുമായി ഇറാൻ. നിലവിലെ താത്കാലിക വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. കരാറുകൾ പാലിക്കുന്നതിൽ യു.എസിന് പ്രതിബദ്ധതയില്ലെന്നും, അതിനാൽ യു.എസ്.-ഇസ്രയേൽ സഖ്യം വീണ്ടും യുദ്ധം തുടങ്ങാൻ സാധ്യതയുണ്ടെന്നും ഇറാൻ സായുധസേന വ്യക്തമാക്കി.

തങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാനും എണ്ണവില കുറയുന്നത് തടയാനുമുള്ള മാധ്യമ നാടകങ്ങളാണ് യു.എസ്. ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് ഇറാന്റെ മിലിട്ടറി ആസ്ഥാനത്തെ ഡെപ്യൂട്ടി മുഹമ്മദ് ജാഫർ അസദി പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് നീക്കത്തെയും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള ശത്രുത അവസാനിച്ചെന്ന് പ്രഖ്യാപിക്കുമ്പോഴും സമുദ്ര ഉപരോധം ഉൾപ്പെടെയുള്ള സൈനിക സമ്മർദങ്ങൾ യു.എസ്. തുടരുന്നുണ്ട്. ഇറാനുമായുള്ള കരാറില്ലാതെ മുന്നോട്ടുപോകുന്നതാണ് യു.എസിന് നല്ലത്.തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്നും വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.

ഇറാനെതിരേ പുതിയ ആക്രമണങ്ങൾക്ക് പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ട്രംപ് ഒഴിഞ്ഞുമാറി. യു.എസ്. സെൻട്രൽ കമാൻഡ് മേധാവി അഡ്‌മിറൽ ബ്രാഡ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇറാൻ്റെ കാര്യത്തിൽ യു.എസിന് മുന്നിൽ രണ്ട് വഴികൾ മാത്രമേയുള്ളൂവെന്ന് ട്രംപ് പറഞ്ഞു.ഒന്നുകിൽ ഇറാനെ പൂർണമായി നശിപ്പിക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക. മാനുഷിക പരിഗണന മുൻനിർത്തി ഇറാനെ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, അതൊരു പ്രധാന പോംവഴിയായി മുന്നിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News