തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിൽ പ്രശ്‌ം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ പെൺ കടുവയാണ് ശനിയാഴ്‌ച രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.
ഉദ്ദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്‌ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു.
ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്‌ചയായി ചികിത്സയിൽ ആയിരുന്നു. നേരത്തേതന്നെ കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നില മോശമായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ചത്തത്.
തുടർന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) അനുശാസിക്കുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വൈകീട്ട് നാലുമണിയോടെ ദഹിപ്പിച്ചു.അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.