60 വയസ്സു കഴിഞ്ഞവർക്ക് ക്ഷേത്രത്തിൽ കാലത്തും വൈകിട്ടും അനുവദിച്ചിരുന്ന പ്രത്യേക ക്യൂ സമ്പ്രദായം 70 കഴിഞ്ഞവർക്കു മാത്രമാക്കി മാറ്റാൻ ദേവസ്വം ആലോചിക്കുന്നു. പുലർച്ചെയും വൈകിട്ടും 4.30 മുതൽ ഒന്നര മണിക്കൂറായിരുന്നു ഈ സൗകര്യം. രാവിലത്തെ സമയം 9 മണി മുതലാക്കാനും ആലോചനയുമുണ്ട്. എന്നു മുതൽ മാറ്റം വരുത്തും എന്നു തീരുമാനിച്ചിട്ടില്ല. ശാരീരിക അവശതയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ദർശനത്തിനുള്ള ആനുകൂല്യം തുടരും. ഇവർ ഗോപുരം മാനേജരെയാണ് സമീപിക്കേണ്ടത്.
ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന വിധത്തിൽ ഗുരുവായൂർ ദേവസ്വം രാജ്യാന്തര മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. ഇതിനുള്ള ടെൻഡർ അടുത്ത ദിവസം വിളിക്കും. 2024 ഒക്ടോബർ 24ന് മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 4 ഏജൻസികൾ പദ്ധതി രേഖ തയാറാക്കി. 3 ഏജൻസികൾ ദേവസ്വം ഭരണസമിതി മുൻപാകെ ഇത് അവതരിപ്പിച്ചെങ്കിലും തൃപ്തികരമായില്ല.
ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന ക്ഷേത്രനഗരങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ള ഏജൻസികളെ കൂടി പങ്കെടുപ്പിച്ച് ഭക്തരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുന്ന വിധത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ദേവസ്വം തീരുമാനിച്ചതെന്ന് അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 3ന് നട തുറക്കുമ്പോൾ തന്നെ വഴിപാടു കൗണ്ടറുകളും പ്രസാദ കൗണ്ടറുകളും തുറക്കാനും തീരുമാനിച്ചു.
5 മണിക്ക് തുറന്നിരുന്ന കൗണ്ടറുകൾ പരീക്ഷണാർഥം രണ്ടാഴ്ചയായി 3ന് തുറക്കാറുണ്ട്. ഇത് ഭക്തർക്ക് സൗകര്യപ്രദമായതിനാൽ ഈ സംവിധാനം സ്ഥിരമാക്കാൻ തീരുമാനിച്ചു. കൃഷ്ണനാട്ടം കളി ശീട്ടാക്കുന്ന ഭക്തർക്ക് രാത്രി കളി കഴിഞ്ഞ് ഏറെ വൈകാതെ പ്രസാദം വാങ്ങി പോകാനും കഴിയുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരുടെയും ഹാജർ ബയോമെട്രിക് പഞ്ചിങ് വഴിയാക്കാൻ തീരുമാനിച്ചു.