Drisya TV | Malayalam News

ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിച്ചതായി ട്രംപ്

 Web Desk    2 May 2026

വെടിനിർത്തൽ വേളയിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ ‘അവസാനിപ്പിച്ചതായി’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായുള്ള യുദ്ധം തുടരാൻ പാർലമെന്റിന്റെ അനുമതി വേണ്ടെന്നും ട്രംപ് വാദിച്ചു.അമേരിക്കൻ നിയമപ്രകാരം, സൈനിക നടപടിയെക്കുറിച്ച് കോൺഗ്രസ് അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞതിനുശേഷം 60 ദിവസത്തിനുള്ളിൽ യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചാൽ മാത്രമേ യുദ്ധവുമായി പ്രസിഡന്റിന് മുന്നോട്ടുപോകാനാകൂ. അനുമതി ലഭിച്ചില്ലെങ്കിൽ സൈനിക നടപടി നിർത്തിവയ്ക്കേണ്ടി വരും.

ഫെബ്രുവരി 28ന് ഇറാനെതിരെ തുടങ്ങിയ സൈനിക നടപടിയുടെ നിയമപരമായ കാലാവധി അവസാനിക്കാനിരിക്കേയാണ് യുദ്ധം അവസാനിച്ചതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചത്. ‘വെടിനിർത്തൽ പ്രഖ്യാപിച്ച ഏപ്രിൽ 7 മുതൽ യുഎസ് സൈന്യവും ഇറാനുമായി വെടിവയ്പുണ്ടായിട്ടില്ല. ഫെബ്രുവരി 28ന് തുടങ്ങിയ സൈനികനടപടി അവസാനിപ്പിച്ചു’–ട്രംപിന്റെ കത്തിൽ പറയുന്നു.

കോൺഗ്രസിനെ അവഗണിച്ച് യുദ്ധം തുടരാനുള്ള ട്രംപിന്റെ നിയമപരമായ സമയപരിധി അവസാനിച്ചെങ്കിലും, വെടിനിർത്തൽ നിലവിലുള്ളതിനാൽ തനിക്ക് കൂടുതൽ സമയം ലഭിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, നിയമത്തിൽ വെടിനിർത്തലിനെക്കുറിച്ച് പരാമർശമില്ലെന്നും ട്രംപിന്റെ വാദം തെറ്റാണെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ആരോപിച്ചു.

ഇറാൻ എണ്ണക്കപ്പലുകൾ അമേരിക്കൻ കപ്പലുകളെ തടയുന്നത് ഇപ്പോഴും തുടരുന്നതിനാൽ സൈനികനടപടി അവസാനിച്ചെന്ന് പറയാനാകില്ലെന്ന് സെനറ്റർ ജീൻ ഷഹീൻ വ്യക്തമാക്കി. പാക്കിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ സമർപ്പിച്ച പുതിയ ചർച്ചാ നിർദേശങ്ങളും ട്രംപ് തള്ളിയിരുന്നു. ഇറാൻ ഇപ്പോഴും അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്ന് കത്തിൽ ട്രംപ് ആവർത്തിച്ചു.

അതേസമയം, യുദ്ധം അവസാനിപ്പിക്കണമെന്നും ഭാവിയിൽ വീണ്ടും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. അമേരിക്കയോടുള്ള കടുത്ത അവിശ്വാസമാണ് ഇറാൻ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു വർഷത്തിനിടെ രണ്ടുതവണയാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതുമായി ബന്ധപ്പെടുത്തി മാത്രമേ ചർച്ചകളിൽ പുരോഗതി ഉണ്ടാകൂ എന്ന് അവർ വ്യക്തമാക്കി. ഉപരോധം നീങ്ങിയാൽ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News