Drisya TV | Malayalam News

വേനൽമഴ കനക്കുന്നു, ഇന്ന് (മേയ് ഒന്ന്) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

 Web Desk    1 May 2026

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമേകി വേനൽമഴ കനക്കുന്നു. മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ ഇന്ന് (മേയ് ഒന്ന്) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.

നാളെ മേയ് രണ്ടിന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് മൂന്നിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മേയ് നാലിന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാനാണ് സാധ്യതയെന്നും മേയ് അഞ്ച് വരെ ഇതു തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്‌ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ജാഗ്രത പാലിക്കണം.

  • Share This Article
Drisya TV | Malayalam News