Drisya TV | Malayalam News

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു

 Web Desk    26 Apr 2026

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസറിനെത്തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. കാൻസർ തലച്ചോറിലേക്കു വ്യാപിച്ചതിനൊപ്പം വാർധക്യസഹജമായ അസുഖങ്ങളുമാണ് ആരോഗ്യനില വഷളാക്കിയത്.

അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും ആത്മാവും പകർത്തിയെടുത്ത പ്രതിഭയാണു രഘു റായ്. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം' എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തിൽ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങൾ പകർത്തിയതും അദ്ദേഹമാണ്. 

1977ൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫിക് ഏജൻസിയായ 'മാഗ്നം ഫോട്ടോസി'ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ൽ 'ദ് സ്റ്റേറ്റ്സ്മാനി'ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.

  • Share This Article
Drisya TV | Malayalam News