വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.
1200 ഓളം ഗാനങ്ങൾ ആശാ ഭോസ്ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ആശാ ഭോസ്ലെ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ 'ഉംറാവോ ജാൻ', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്‌കാരവും ആശാ ഭോസ്ലെയെ തേടിയെത്തി.
കഴിഞ്ഞ 50 വർഷത്തിലെ മികച്ച 20 സംഗീത പ്രതിഭകളിൽ ഒരാളായിരുന്നു അവർ. 2011-ൽ ഏഷ്യൻ അവാർഡിൽ, സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡ് ചെയ്‌ത കലാകാരിയായി ഭോസ്ലെയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു. 1947 മുതൽ 11,000-ൽ അധികം സോളോ, ഡ്യുയെറ്റ്, കോറസ് ഗാനങ്ങൾ 20-ൽ അധികം ഇന്ത്യൻ ഭാഷകളിൽ റെക്കോർഡ് ചെയ്തതിന് 'ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ (സിംഗിൾസ്)' എന്നതിന് സെബാസ്റ്റ്യൻ കോയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഈ ചടങ്ങിൽ അവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.