പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്‌ലാമാബാദിൽ നിന്നും മടങ്ങിയതോടെ മേഖലയിൽ സമാധാനത്തിനുള്ള നയതന്ത്ര സാധ്യതകൾക്ക് കടുപ്പമേറിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
അമേരിക്കയുടെ ‘അവസാനത്തെതും മികച്ചതുമായ വാഗ്ദാനം’ ചർച്ചയിൽ വച്ചതായും, അത് സ്വീകരിക്കാത്ത പക്ഷം ഇനി ചർച്ചകളില്ലെന്നും വ്യക്തമാക്കിയാണ് വാൻസ് മടങ്ങിയത്. ഇതോടെ ഇറാൻ-അമേരിക്ക ബന്ധം വീണ്ടും പൂർണ്ണമായ അനിശ്ചിതത്വത്തിലായി.
ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്. ചർച്ചകളിൽ നിന്ന് പിന്മാറാൻ അമേരിക്ക ഒരു ഒഴികഴിവ് തേടുകയായിരുന്നുവെന്നാണ് ഇറാൻ പ്രതിനിധി സംഘത്തോട് അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസികളോട് പ്രതികരിച്ചത്. സമാധാനത്തിനായി ഇനി മുൻകൈ എടുക്കേണ്ടത് അമേരിക്കയാണെന്നും പന്ത് ഇപ്പോൾ അവരുടെ കോർട്ടിലാണെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ കടുംപിടുത്തവും ആണവ പദ്ധതികളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ചർച്ചകൾ അലസാൻ കാരണമായത് എന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാട്.
നയതന്ത്രം വഴിമുട്ടിയ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലെ കടൽ മൈനുകൾ നീക്കം ചെയ്യാനുള്ള സൈനിക നീക്കം അമേരിക്ക യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് യുഎസ് നാവികസേനയുടെ യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കൽ മർഫി അത്യാധുനിക യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈൻ നീക്കം ചെയ്യൽ ദൗത്യം തുടങ്ങിയിട്ടുണ്ട്. ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് രാജ്യാന്തര കപ്പൽ പാത സുരക്ഷിതമാക്കുമെന്ന് ട്രംപ് ആവർത്തിച്ചു.