Drisya TV | Malayalam News

ഇന്ത്യയിൽ വികസിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ സ്റ്റൗവുകൾ എത്തുന്നു

 Web Desk    12 Apr 2026

പാചകവാതക വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യയിൽ വികസിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ സ്റ്റൗവുകൾ എത്തുന്നു. അടുക്കളകളിൽ നിന്ന് എൽ.പി.ജി സിലിണ്ടറുകളെ പൂർണ്ണമായും ഒഴിവാക്കാൻ ലക്ഷ്യമിടുന്ന ഈ സാങ്കേതികവിദ്യ, വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഇന്ധനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഒരു ലക്ഷത്തി അമ്പതിനായിരം രൂപയോളം ചിലവ് വരുന്ന ഈ പ്ലഗ്-ആൻഡ്-യൂസ് സംവിധാനം നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കുമായാണ് വികസിപ്പിച്ചിരിക്കുന്നത്.

പുകയോ മണമോ വിഷവാതകങ്ങളോ പുറത്തുവിടാത്ത ഈ സ്റ്റൗവുകൾ നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ്. കാറ്റലിറ്റിക് ഹൈഡ്രജൻ ബർണറുകൾ വഴി പ്രവർത്തിക്കുന്നതിനാൽ ശബ്ദമോ പ്രകമ്പനമോ ഇല്ലാതെ പാചകം ചെയ്യാമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. സുരക്ഷ ഉറപ്പാക്കുന്നതിനായി ഫ്ലെയിം അറസ്റ്ററുകൾ, പ്രഷർ റെഗുലേഷൻ സംവിധാനങ്ങൾ, ഹൈഡ്രജൻ ഫ്രണ്ട്‌ലി വാൽവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ കമ്മ്യൂനിറ്റി കിച്ചണുകളിലും പ്രതിരോധ മേഖലകളിലുമാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. വരും കാലങ്ങളിൽ ഹൈഡ്രജൻ ഉൽപ്പാദനം വർദ്ധിക്കുന്നതോടെ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കും ലഭ്യമാകുമെന്നും ഇതോടെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകൾക്ക് പകരക്കാരനാകാൻ ഹൈഡ്രജൻ സ്റ്റൗവുകൾക്ക് കഴിയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

  • Share This Article
Drisya TV | Malayalam News