Drisya TV | Malayalam News

ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ്ങ് ചാർജുകളിൽ 25 ശതമാനം കുറവ് വരുത്തി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി 

 Web Desk    8 Apr 2026

ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ്ങ് ചാർജുകളിൽ 25 ശതമാനം കുറവ് വരുത്തി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ). ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എയർലൈൻ സർവീസുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം. ലാൻഡിങ്-പാർക്കിങ് ചാർജുകൾ കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

മൂന്ന് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവ് മൂന്ന് മാസത്തിന് ശേഷവും തുടരുന്നത് സംബന്ധിച്ച തീരുമാനം എഇആഎ ആണ് എടുക്കേണ്ടത്. അത് പിന്നീട് പരിശോധിക്കുമെന്നാണ് വിവരം.

വിമാനത്താവളങ്ങളിൽ ഇപ്പോൾ നൽകിയിട്ടുള്ള ഈ ഇളവ് എയർലൈൻ കമ്പനികളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാന ഇന്ധനങ്ങളുടെ വിലയിലുണ്ടായ വർധനവ് ഉൾപ്പെടെയുള്ള വെല്ലുവിളികൾ എയർലൈൻ കമ്പനികളിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എയർലൈൻ കമ്പനികളുടെ ചിലവുകളിൽ പ്രധാന പങ്ക് ലാൻഡിങ്, പാർക്കിങ് ഫീസുകൾക്കാണ്.

എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ഇളവുകൾ ബാധമാകും. ഇതിന്റെ ഗുണം എയർലൈൻ മേഖലയിലുടനീളം ലഭിക്കുമെന്നാണ് എഇആർഎ അഭിപ്രായപ്പെടുന്നത്. ആഭ്യന്തര സർവീസുകൾക്ക് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്ന അസ്ഥിരത മറികടക്കാൻ ഈ നീക്കം സഹായകമാകുമെന്നുമാണ് എഇആർഎയുടെ വിലയിരുത്തൽ.

  • Share This Article
Drisya TV | Malayalam News