രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് യുഎസും ഇറാനും. ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചിരിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ ഒരു വലിയ വിജയം കൈവരിക്കുകയും അമേരിക്കയെ തങ്ങളുടെ പത്തിന ഉപാധികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്നും അവർ അവകാശപ്പെട്ടു. പത്ത് ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിക്കുമ്പോൾ മാത്രമേ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ എന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു.
'വിജയത്തിൽ എല്ലാ ഇറാൻ ജനതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ വിജയത്തിന്റെ വിശദാംശങ്ങൾ അന്തിമമാകുന്നതുവരെ അധികാരികളുടെ ഭാഗത്തുനിന്ന് ക്ഷമയും വിവേകവും ആവശ്യമാണെന്നും ഇറാനിയൻ ജനതയുടെ ഐക്യവും ഐക്യദാർഢ്യവും നിലനിർത്തണമെന്നും അഭ്യർഥിക്കുന്നു', പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ ഉപാധികൾക്കുമേലുള്ള ചർച്ചകൾ ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നും വെടിനിർത്തൽ കാലപരിധി നീട്ടാൻ സാധ്യതയുണ്ടെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ കൂട്ടിച്ചേർത്തു. ചർച്ചകൾക്ക് മധ്യസ്ഥതവഹിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടർച്ച ചർച്ചകൾക്കായി ഇരു രാജ്യത്തേയും നേതാക്കളെ പാകിസ്താനിലേക്ക് ക്ഷണിച്ചിരുന്നു.
പത്ത് ഉപാധികളുള്ള ഒരു നിർദേശം ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിക്കുകയും ചെയ്തിരുന്നു. തുടർ ചർച്ചകൾ ഇതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഉപാധികൾ എന്താണെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇറാൻ ഇത് പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ
1. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യുഎസ് ഉറപ്പുനൽകണം
2. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം തുടരണം
3. ഇറാന്റെ ആണവോർജ്ജം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം
4. എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കണം
5. എല്ലാ ദ്വിതീയ ഉപരോധങ്ങളും പിൻവലിക്കണം
6. ഇറാനെതിരായ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അവസാനിപ്പിക്കണം
7. ഇറാനെതിരായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രമേയങ്ങൾ അവസാനിപ്പിക്കണം
8. യുദ്ധത്തിലെ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകണം
9. മേഖലയിൽനിന്ന് യുഎസ് സേനയെ പിൻവലിക്കണം
10. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും ശത്രുത അവസാനിപ്പിക്കണം.
ഈ നിർദേശങ്ങളും ഉപാധികളും യുഎസ് അംഗീകരിക്കുമോ എന്നത് വ്യക്തമല്ല. അമേരിക്ക യുദ്ധത്തിൽ സമ്പൂർണവിജയം നേടിയതായി ട്രംപും വൈറ്റ്ഹൗസും വ്യക്തമാക്കി.