പ്രതികൂല സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പണയനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ പണനയ നിർണയ സമിതി (എംപിസി) ഐക്യകണ്ഠേന തീരുമാനിച്ചെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സാമ്പത്തിക സൂചികകൾക്ക് അനുസൃതമായി പലിശനയം നിർണയിക്കുന്ന ‘ന്യൂട്രൽ’ നിലപാട് തുടരാനും റിസർവ് ബാങ്ക് തീരുമാനിച്ചു.
അടിസ്ഥാന പലിശനിരക്ക് നിലനിർത്തിയതിനാൽ അടുത്ത രണ്ടുമാസത്തേക്ക് ബാങ്ക് വായ്പകളുടെ പലിശനിരക്ക് ഉയരില്ല. ഭവന, വാഹന, വ്യക്തിഗത വായ്പകളുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇതു നേട്ടമാണ്. അതേസമയം, സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും അതിന് അനുസരിച്ച് പണനയം നിർണയിക്കുമെന്നും മൽഹോത്ര വ്യക്തമാക്കി. സംഘർഷവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഹോർമുസ് തടസവും ആഗോള സമ്പദ്‍വ്യവസ്ഥയെ ഇടിവിന്റെ ‘റിസ്കിൽ’ ആക്കിയിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.