Drisya TV | Malayalam News

യു.എസുമായി ഓപ്പൺ എ.ഐ. കരാറിലെത്തിയതിന് പിന്നാലെ കൂട്ടബഹിഷ്കരണത്തിനുള്ള ആഹ്വാനവുമായി ചാറ്റ് ജി.പി.ടി. ഉപഭോക്താക്കൾ

 Web Desk    4 Mar 2026

യു.എസുമായി ഓപ്പൺ എ.ഐ. കരാറിലെത്തിയതിന് പിന്നാലെ കൂട്ടബഹിഷ്കരണത്തിനുള്ള ആഹ്വാനവുമായി ചാറ്റ് ജി.പി.ടി. ഉപഭോക്താക്കൾ. 25 ലക്ഷം പേർ ഇതിനകം ചാറ്റ് ജി.പി.ടി. ഒഴിവാക്കിയെന്ന് ചാറ്റ് ജി.പി.ടി. ബഹിഷ്കരണാഹ്വാനവുമായി തുടങ്ങിയ ക്വിറ്റ് ജി.പി.ടി. എന്ന വെബ്സൈറ്റിൽ അവകാശപ്പെടുന്നു. 90 കോടിയിലേറെ ഉപഭോക്താക്കളുള്ള പ്ലാറ്റ്ഫോമാണ് ചാറ്റ് ജി.പി.ടി. കഴിഞ്ഞയാഴ്ചയാണ് യു.എസ്. പ്രതിരോധ വകുപ്പിന്റെ രഹസ്യ നെറ്റ്‌വർക്കുകളുടെ ആവശ്യങ്ങൾക്കായി എ.ഐ. മോഡൽ വിന്യസിക്കുന്നതിന് ഓപ്പൺ എ.ഐ. കരാറിലെത്തിയത്.

കമ്പനിയുടെ ഈ നീക്കത്തിൽ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചാറ്റ് ജി.പി.ടി. വിടുന്നതിനായി അമേരിക്കക്കാരെയും ലോകജനതയെയും സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വെബ്സൈറ്റ് പറയുന്നു. ചാറ്റ് ജി.പി.ടി. ട്രംപിന്റെ കൊലയാളി റോബോട്ട് കരാർ ഏറ്റെടുത്തിരിക്കുകയാണ്. പുറത്തുകടക്കാനുള്ള സമയമായിരിക്കുന്നു. ഓപ്പൺ എ.ഐ. ആസ്ഥാനത്ത് പ്രതിഷേധപ്രകടനം നടത്താനും വെബ്സൈറ്റിൽ ആഹ്വാനമുണ്ട്.

ചാറ്റ് ജി.പി.ടിയുടെ എതിരാളിയായ ആന്ത്രോപിക് പെന്റഗണുമായുള്ള കരാറിന് വിസമ്മതിച്ചതിന് പിന്നാലെയാണ് ഓപ്പൺ എ.ഐ. യു.എസുമായി കരാറുണ്ടാക്കിയത്. ആന്ത്രോപിക്കിന്റെ എ.ഐ. മോഡലുകൾ അനിയന്ത്രിതമായി ഉപയോഗപ്പെടുത്താൻ സാധിക്കണം എന്നായിരുന്നു പെന്റഗണിന്റെ ആവശ്യം. ആഭ്യന്തര നിരീക്ഷണത്തിനുവേണ്ടി തങ്ങളുടെ എ.ഐ. മോഡൽ ഉപയോഗിക്കാനാണ് യു.എസ്. ഭരണകൂടത്തിന്റെ പദ്ധതിയെന്നും അത് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു ഡാരിയോ അമോഡെയുടെ നേതൃത്വത്തിലുള്ള ആന്ത്രോപിക് കരാറിൽനിന്ന് പിന്മാറിയത്.ഇതിന് പിന്നാലെ സർക്കാർ സ്ഥാപനങ്ങളിലുടനീളം ആന്ത്രോപിക് എ.ഐ. മോഡലുകളുടെ ഉപയോഗത്തിന് ട്രംപ് വിലക്കേർപ്പെടുത്തി. ഒട്ടും വൈകാതെയാണ് ഓപ്പൺ എ.ഐ. മേധാവി യു.എസുമായി കരാറിലെത്തിയെന്ന പ്രഖ്യാപനവുമായെത്തിയത്.

  • Share This Article
Drisya TV | Malayalam News