Drisya TV | Malayalam News

സംസ്ഥാനത്ത് മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന മലയാള ഭാഷ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

 Web Desk    4 Mar 2026

സംസ്ഥാനത്ത് മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന മലയാള ഭാഷ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഇതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെയാണു സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. ഒക്‌ടോബറില്‍ നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന്-2025നാണു ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്ത് ഭരണഭാഷ മലയാളമാകും. 

കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 10-ാം തരം വരെ നിര്‍ബന്ധിത ഒന്നാം ഭാഷയായി മലയാളം മാറും. മറ്റു ഭാഷകള്‍ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കു മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കും. ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനത്തിനായി ഏകീകൃത ലിപി വിന്യാസം ഉണ്ടാകും. ജില്ലാ കോടതികള്‍ മുതല്‍ താഴെയുള്ള കോടതികളിലെ ഭാഷയും വിധിന്യായവും സര്‍ക്കാരിനു കീഴിലുള്ള അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. 

സര്‍ക്കാര്‍, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ഉദ്യോഗപ്പേരുകളും വാഹന ബോര്‍ഡുകളും മലയാളത്തിലാകും. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ മലയാളം കൂടി തിരഞ്ഞെടുക്കാനാകും, സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കും. മലയാള ഭാഷ ബില്ലിനെതിരെ കര്‍ണാടക മുഖ്യമന്ത്രിയടക്കം എതിര്‍പ്പ് ഉയര്‍ത്തുകയും ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

  • Share This Article
Drisya TV | Malayalam News