ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.സെപ്റ്റിക് ടാങ്കിൽനിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവർ അബോധാവസ്ഥയിലാവുകയായിരുന്നു. പ്രദേശവാസികൾ ഉടൻതന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചെന്നും അന്വേഷണം തുടരുകയാണെന്നും ബൊത്ര പോലീസ് അറിയിച്ചു.സമാനമായ സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും നാലുപേർ മരിച്ചിരുന്നു.