ശബരിമലയിൽ നിന്ന് സ്വർണം കടത്തിയ കേസിലെ പ്രതിയായ എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള സ്വാഭാവിക ജാമ്യമാണ് കോടതി നൽകിയിരിക്കുന്നത്. കേസിന്റെ ഭാഗമായ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിക്കും.
നിലവിൽ പത്മകുമാർ ഉൾപ്പെടെ എട്ട് പ്രതികൾക്കാണ് ഈ കേസിൽ ഇതുവരെ ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതികൾക്ക് ഓരോരുത്തരായി ജാമ്യം ലഭിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ശബരിമല തന്ത്രിക്ക് ജാമ്യം ലഭിച്ചതും അന്വേഷണത്തെ ബാധിച്ചിരുന്നു. ഈ മാസം 31-നകം കുറ്റമറ്റ കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്.ഐ.ടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.