ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി മൺപാത്രങ്ങൾ വിൽക്കുന്ന പാവപ്പെട്ട തൊഴിലാളിക്ക് ലഭിച്ചത് 1.25 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്‍റെ പേരിൽ ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. റായ്ബറേലിയിലെ ഹർചന്ദ്പൂരിനടുത്ത് താമസിക്കുന്ന മുഹമ്മദ് സയീദ്, ചായക്കടകളിലും മറ്റും മൺകുടുക്കകൾ വിറ്റാണ് അഞ്ചംഗ കുടുംബത്തെ പോറ്റുന്നത്. എന്നാൽ പട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളുമായി മുഹമ്മദിന് ബന്ധമുണ്ടെന്നും ഇവയുടെ നികുതി കുടിശ്ശികയായി 1.25 കോടി രൂപ അടയ്ക്കണമെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്.